Nandakumar Edamana
Share on:
@ R t f

വിഷ്വല്‍ ഇഫക്റ്റ്സ് എന്ന പെരുംനുണ


നുണപറച്ചില്‍ ഒരു ശീലമാക്കിയവരാണ് കലാകാരന്മാര്‍. കാണാത്തതെല്ലാം കണ്ടുവെന്ന് എഴുതി എഴുത്തുകാരും കാണാനിടയില്ലാത്തതെല്ലാം കാണിച്ചുതന്ന് ചിത്രകാരന്മാരും നുണപറഞ്ഞു. തുടക്കം മുതലേ പരീക്ഷണങ്ങള്‍ക്ക് വളമേകിയ ചലച്ചിത്രം ഈ നുണപറച്ചിലിന്റെ തുടര്‍ച്ചയായി. 1902-ല്‍ ഇറങ്ങിയ 'എ ട്രിപ്പ് റ്റു ദ മൂണ്‍' ഗോളാന്തരയാത്ര കാട്ടിത്തന്നു. 'ദ ലോസ്റ്റ് വേള്‍ഡും' 'കിംഗ് കോങ്ങു'മെല്ലാം ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തുതന്നെ സ്ക്രീനില്‍ ഭീകരജീവികളെ അവതരിപ്പിച്ചു. കംപ്യൂട്ടറുകള്‍ക്കുമുമ്പേ പറന്ന് സൂപ്പര്‍മാന്‍ ലോകത്തെ അതിശയിപ്പിച്ചു.

നുണ കേള്‍ക്കാന്‍ നമുക്കും ഇഷ്ടം തതന്നെ. 'ഭാവന' എന്ന പേരുനല്കി നാം അതിനെ ന്യായീകരിക്കുന്നു. ചലച്ചിത്രരംഗത്താകട്ടെ, ഇത് സ്പെഷ്യല്‍ ഇഫക്റ്റ്സ്, വിഷ്വല്‍ ഇഫക്റ്റ്സ് എന്നിങ്ങനെ പല വിഭാഗങ്ങളായും അറിയപ്പെടുന്നു.

ഷൂട്ടിങ് സമയത്തുതന്നെ സൂത്രങ്ങളൊപ്പിക്കുന്ന സ്പെഷ്യല്‍ ഇഫക്റ്റിനേക്കാള്‍ ഏതു ദൃശ്യവും ഷൂട്ടുചെയ്ത ശേഷം വിസ്മയം ചേര്‍ക്കുന്ന വിഷ്വല്‍ ഇഫക്റ്റിന് പ്രാധാന്യമുള്ള കാലത്താണ് നാം. അതിനുപയോഗിക്കുന്നതാകട്ടെ ഡിജിറ്റല്‍ സാങ്കേതികവിദ്യയും.

ആരിലും കൗതുകമുണര്‍ത്തുന്ന വിഷ്വല്‍ ഇഫക്റ്റിന്റെ ചരിത്രവും പുരോഗതിയും സങ്കേതവും ഭാവിയുമെല്ലാം ഒരുപോലെ രസകരമാണ്.

വിഷ്വല്‍ ഇഫക്റ്റ്സ് എന്ത്, എന്തിന്?

യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ച രംഗങ്ങളില്‍ പിന്നീട് കൂട്ടിച്ചേര്‍ക്കലുകളോ മാറ്റങ്ങളോ ഒക്കെ വരുത്തുന്നതാണ് വിഷ്വല്‍ ഇഫക്റ്റ്സ് (Visual Effetcs or VFX). പശ്ചാത്തലം മാറ്റുന്നതും കംപ്യൂട്ടറില്‍ സൃഷ്ടിച്ച കഥാപാത്രങ്ങളും ദൃശ്യങ്ങളും കൂട്ടിച്ചേര്‍ക്കുന്നതുമെല്ലാം ഇതില്‍പ്പെടുന്നു. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, ചിത്രീകരണത്തിനുശേഷമുള്ള (post-production) സിനിമാസൂത്രങ്ങളാണ് വിഷ്വല്‍ ഇഫക്റ്റ്സ് (ചിത്രീകരണവേളയില്‍ത്തന്നെയുള്ള സൂത്രപ്പണികള്‍ക്കാണ് സാധാരണഗതിയില്‍ സ്പെഷ്യല്‍ ഇഫക്റ്റ്സ് എന്നു പറയുന്നത്). ചിത്രീകരണശേഷമാണ് പ്രാവര്‍ത്തികമാക്കുന്നതെങ്കിലും വി.എഫ്.എക്സ് എങ്ങനെയെല്ലാം ഉപയോഗിക്കണമെന്ന ധാരണ ചിത്രീകരണത്തിനുമുമ്പുതന്നെ ഉണ്ടാക്കിയിരിക്കണം.

ചിത്രീകരിക്കാന്‍ ചെലവേറിയതോ അപകടസാദ്ധ്യതയുള്ളതോ അസാദ്ധ്യം തന്നെയോ ആയ രംഗങ്ങളുടെ നിര്‍മാണത്തിനാണ് വി.എഫ്.എക്സ്. ഉപയോഗിക്കുന്നത് (ഒരു ഗമയ്ക്കുവേണ്ടി എവിടെയും ഇഫക്റ്റ്സ് ഉപയോഗിച്ച് കുളമാക്കുന്നവരെയോരെപ്പറ്റി സഹതപിക്കുകയേ നിവൃത്തിയുള്ളൂ!). വമ്പന്‍ നഗരങ്ങളുടെ തകര്‍ച്ചയും അവതാറിലേതുപോലുള്ള ഭാവനാലോകവുമൊന്നും ഇഫക്റ്റ്സിന്റെ സഹായമില്ലാതെ ചിത്രീകരിക്കാനാവില്ലല്ലോ.

സംഘട്ടനരംഗങ്ങളും മറ്റും ചിത്രീകരിക്കാനുപയോഗിച്ച കേബിളുകള്‍ മായ്ച്ചുകളയുന്നത് വി.എഫ്.എക്സിന്റെ സര്‍വസാധാരണമായ ഉപയോഗങ്ങളിലൊന്നാണ്. പശ്ചാത്തലം എളുപ്പത്തില്‍ മാറ്റാനും മറ്റു ദൃശ്യങ്ങളുമായി കൂട്ടിച്ചേര്‍ക്കാനും സഹായിക്കുന്ന ബ്ലൂസ്ക്രീന്‍ സങ്കേതവും മെയ്ക്കിങ് വീഡിയോകള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് സുപരിചിതമാണ്. സി.ജി.ഐ. അഥവാ കംപ്യൂട്ടര്‍-ജനറേറ്റഡ് ഇമേജറി (കംപ്യൂട്ടര്‍ ഗ്രാഫിക്സ്) ആണ് പ്രധാനപ്പെട്ട മറ്റൊരു സങ്കേതം. ഇത്തരത്തലുണ്ടാക്കിയ ദൃശ്യങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് ഒറ്റ ദൃശ്യമാക്കുന്ന കോമ്പോസിറ്റിങ് പ്രക്രിയയില്‍ അവസാന ഉല്പന്നം രൂപപ്പെടുന്നു.

ഇതില്‍ പല പ്രക്രിയകളും കംപ്യൂട്ടറുകളുടെ മുമ്പേ തന്നെ നിലവില്‍വന്നിട്ടുണ്ട് (അന്നതിനുള്ള ഉപകരണങ്ങള്‍ വേറെയായിരുന്നു എന്നുമാത്രം). ബ്ലൂസ്ക്രീന്‍ ഒരുദാഹരണമാണ്. എന്നാല്‍ ഇന്നുപയോഗിക്കുന്ന വിഷ്വല്‍ ഇഫക്റ്റിന്റെ ഏറിയ ചരിത്രവും കംപ്യൂട്ടര്‍ ഗ്രാഫിക്സിന്റെ വളര്‍ച്ചയുമായി ഇഴചേര്‍ന്നുകിടക്കുന്നു. അതെല്ലാം 'കംപ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി' എന്ന ഭാഗത്ത് ചര്‍ച്ച ചെയ്യാം.

വി.എഫ്.എക്സ്. പ്രക്രിയ

വിഷ്വല്‍ ഇഫക്റ്റ്സിന്റെ അനൗപചാരികമായ ഒരു പ്രവര്‍ത്തനക്രമം ഇതാ:

  • യഥാര്‍ത്ഥരംഗങ്ങള്‍ (ലൈവ്-ആക്ഷന്‍ ഷോട്ടുകള്‍) ചിത്രീകരിക്കുന്നു.
  • ഇതിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ട പശ്ചാത്തലങ്ങളും മറ്റും വേറെ സ്ഥലങ്ങളില്‍നിന്ന് ചിത്രീകരിക്കുകയോ കംപ്യൂട്ടറിലുണ്ടാക്കുകയോ ചെയ്യുന്നു.
  • ഡിജിറ്റല്‍ കഥാപാത്രങ്ങളുണ്ടെങ്കില്‍ അവ സൃഷ്ടിച്ചെടുക്കുകയും നേരിട്ടോ മോഷന്‍ ക്യാപ്ചര്‍ വഴിയോ ചലിപ്പിക്കുകയും ചെയ്യുന്നു.
  • ലൈവ്-ആക്ഷന്‍ ഷോട്ടുകളില്‍നിന്ന് അനാവശ്യഭാഗങ്ങള്‍ ഒഴിവാക്കുന്നു.
  • ഇവയെല്ലാം ലെയറുകളായി ക്രമീകരിച്ച് കോംപോസിറ്റ് ചെയ്യുന്നതോടെ അവസാനദൃശ്യം രൂപപ്പെടുന്നു.

വി.എഫ്.എക്സ്. സങ്കേതങ്ങള്‍

ഏതാനും വിഷ്വല്‍ ഇഫക്റ്റ്സ് സങ്കേതങ്ങള്‍ നാം പരാമര്‍ശിക്കുകയുണ്ടായി. പ്രധാനപ്പെട്ട ചിലതെല്ലാം ഒരല്പം വിശദമായി മനസ്സിലാക്കാം. സി.ജി.ഐ. അഥവാ കംപ്യൂട്ടര്‍ ജനറേറ്റഡ് ഇമേജറി കവര്‍സ്റ്റോറിയുടെ മറ്റൊരു ഭാഗമായിത്തന്നെ ചര്‍ച്ചചെയ്യുന്നുണ്ട്.

കീയിങ് (Keying)

പശ്ചാത്തലം മാറ്റാനും ദൃശ്യത്തിലെ ഏതാനും ഭാഗങ്ങള്‍ ഒഴിവാക്കാനും മറ്റുമുള്ള എളപ്പവിദ്യയാണിത്. ഏവര്‍ക്കും സുപരിചിതമായ ഗ്രീന്‍ സ്ക്രീന്‍ അഥവാ ക്രോമാ കീ ഇതിന്റെ ഭാഗമാണ്.

ഒരു ദൃശ്യത്തിലെ ഏതെങ്കിലുമൊരു നിറം (അല്ലെങ്കില്‍ ലൂമിനോസിറ്റി പോലെ മറ്റൊരു പരാമീറ്റര്‍) കീ ആയി തെരഞ്ഞെടുക്കുന്നു. അതോടെ ആ നിറമുള്ള, അല്ലെങ്കില്‍ ആ പ്രത്യേകതയുള്ള ഭാഗങ്ങളെല്ലാം സുതാര്യമായിത്തീരുന്നു. ഏതു ലെയറാണോ തൊട്ടുതാഴെയുള്ളത്, അത് ആ സ്ഥലങ്ങളില്‍ തെളിയുകയും ചെയ്യുന്നു.

ഉദാഹരണത്തിന്, ഒരാള്‍ പറക്കുന്ന രംഗം ചിത്രീകരിക്കണമെങ്കില്‍ അയാളെ ഒരു ഗ്രീന്‍ സ്ക്രീന്‍ പശ്ചാത്തലമാക്കി തൂക്കിയിട്ടാല്‍മതി. ഉപയോഗിക്കുന്ന കേബിളും പച്ചയായാല്‍ സൗകര്യം. ഇനി ഇഫക്റ്റ്സ് വേളയില്‍ ഈ പച്ചനിറം കീയായി തെരഞ്ഞെടുക്കുകയും ക്രോമാ കീ ഇഫക്റ്റ് അപ്ലൈ ചെയ്യുകയും വേണം. താഴെയുള്ള ലേയറില്‍ (അല്ലെങ്കില്‍ ചേര്‍ക്കുന്ന നോഡില്‍) ആകാശത്തിന്റെ ദൃശ്യമാണുള്ളതെങ്കില്‍ അഭിനേതാവിനുചുറ്റുമുള്ള പച്ചനിറം പോയി ആകാശം വന്നിട്ടുണ്ടാവും.

ക്രോമാ കീ ഇഫക്റ്റിന് പശ്ചാത്തലമായി ഉപയോഗിക്കുന്ന സ്ക്രീനിന്റെ നിറത്തിനനുസരിച്ചാണ് ബ്ലൂ സ്ക്രീന്‍, ഗ്രീന്‍ സ്ക്രീന്‍ എന്നെല്ലാം പേരുവരുന്നത്. ബ്ലൂസ്ക്രീന്‍ ആയിരുന്നു ആദ്യകാലത്ത് അധികമായും ഉപയോഗിച്ചിരുന്നത്. ഡിജിറ്റല്‍ ക്യാമറകള്‍ക്കൊപ്പം ഗ്രീന്‍ സ്ക്രീന്‍ ആണ് അധികവും ഉപയോഗിച്ചുവരുന്നത്.

അഭിനേതാക്കളുടെ വസ്ത്രവും സ്ക്രീനിന്റെ നിറത്തെ സ്വാധീനിക്കും. പച്ച നിറമുള്ള ഒരു വസ്ത്രമിട്ടുകൊണ്ട് ഗ്രീന്‍ സ്ക്രീനിനുമുന്നില്‍ അഭിനയിക്കാനാവില്ലല്ലോ. വേണമെങ്കില്‍ അദൃശ്യമനുഷ്യനെയും മറ്റും സൃഷ്ടിക്കാനുള്ള ഒരു സൂത്രമായി ഇതുപയോഗിക്കാം. കീയുടെ നിറം ദൃശ്യത്തിലുള്‍പ്പെടേണ്ട ഏതെങ്കിലും ഭാഗത്ത് വന്നിട്ടുണ്ടെങ്കില്‍ ആ ഭാഗം മാത്രം ഇഫക്റ്റില്‍നിന്ന് ഒഴിവാക്കാന്‍ 'മാസ്കുകള്‍' ചേര്‍ക്കാനാകും.

സാധാരണ വീഡിയോ എഡിറ്റിങ് പ്രോഗ്രാമുകളുടെ ഇഫക്റ്റ്സ് വിഭാഗത്തില്‍ത്തന്നെ ക്രോമാ കീ ഉണ്ടാവാറുണ്ട്. പേരുകള്‍ പലതായിരിക്കുമെന്നുമാത്രം.

റോട്ടോസ്കോപ്പിങ് (Rotoscoping)

പശ്ചാത്തലവും അഭിനേതാവും തമ്മിലുള്ള വേര്‍തിരിവ് എളുപ്പമാവുന്നു എന്നതാണല്ലോ ക്രോമാ കീയുടെ ഗുണം. എന്നാല്‍ എല്ലായ്പോഴും ഇങ്ങനെയാവണമെന്നില്ല. ഒരു സാധാരണ രംഗത്തില്‍നിന്ന് അഭിനേതാവിനെ മാത്രമായി വേര്‍തിരിച്ചെടുക്കേണ്ടിവരും. മനുഷ്യനെപ്പോലെ അഭിനേതാവിനെയും പശ്ചാത്തലത്തെയും വേര്‍തിരിച്ചറിയാനുള്ള വിവേകം കംപ്യൂട്ടറിനില്ലല്ലോ. ഇവിടെയാണ് റോട്ടോസ്കോപ്പിങ് അഥവാ 'റോട്ടോ' സഹായത്തിനെത്തുന്നത്.

ഒരു ചിത്രത്തിലെ ഇഷ്ടമുള്ള ഭാഗങ്ങള്‍ വെട്ടിയെടുക്കാന്‍ പെന്‍ ടൂള്‍ പോലുള്ള പല സങ്കേതങ്ങളും ഇമേജ് എഡിറ്ററുകളില്‍ ഉണ്ടാവാറുണ്ടല്ലോ. ഇവ ഉപയോഗിച്ച് നമുക്കുവേണമെങ്കില്‍ ഒരു ഫോട്ടോയില്‍നിന്ന് ഒരാളെ മാത്രമായി വെട്ടിയെടുക്കുകയും മറ്റൊരു ചിത്രത്തില്‍ കൊണ്ടിടുകയും ചെയ്യാം. ഇതേ സങ്കേതത്തിന്റെ വീഡിയോ പതിപ്പാണ് റോട്ടോസ്കോപ്പിങ്. ഗ്രീന്‍ സ്ക്രീന്‍ പോലെ വ്യക്തമായ പശ്ചാത്തലമൊന്നും ഇല്ലാത്ത രംഗങ്ങളില്‍നിന്നും ഏതാനും ഭാഗങ്ങള്‍ മാത്രം വെട്ടിയെടുക്കാന്‍ ഇതുപയോഗിക്കാം. പലപ്പോഴും ഏറെ ശ്രമകരമായ ജോലിയാണ് റോട്ടോസ്കോപ്പിങ്.

കെഡെന്‍ലൈവ് എന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വീഡിയോ എഡിറ്ററില്‍ റോട്ടോസ്കോപ്പിങ്ങിനുള്ള സൗകര്യമുണ്ട്.

വയര്‍ റിമൂവല്‍ (Wire removal)

സംഘട്ടനരംഗങ്ങളിലും മറ്റും അഭിനേതാക്കള്‍ക്ക് തുണയായി ഉപയോഗിക്കാറുള്ള കേബിളുകള്‍ മായ്ച്ചുകളയുന്ന പ്രക്രിയയാണിത്. കീയിംഗി വഴിയോ ഫ്രേം-ബൈ-ഫ്രേം ആയോ ഇത് ചെയ്യാം. ഗ്രീന്‍ സ്ക്രീനിനുമുന്നിലാണ് ചിത്രീകരിച്ചതെങ്കില്‍ ഇഫക്റ്റ്സ് ആര്‍ട്ടിസ്റ്റുകള്‍ക്ക് മറ്റൊന്നും പശ്ചാത്തലത്തിന്റെ വ്യക്തതയെപ്പറ്റി ആശങ്കപ്പെടാതെ കേബിളുകള്‍ മായ്ച്ചുകളയാം.

മോഷന്‍ ക്യാപ്ചര്‍: പരകായപ്രവേശം

മറ്റൊരു ശരീരത്തിലേക്ക് കുടിയേറാന്‍ കഴിവുള്ള മാന്ത്രികന്മാരെ നാം കഥകളില്‍ കണ്ടിട്ടുണ്ട്. അതിന്റെ ടെക് പതിപ്പാണ് മോഷന്‍ ക്യാപ്ചര്‍ (motion capture or 'mo-cap') അഥവാ പെര്‍ഫോമന്‍സ് ക്യാപ്ചര്‍. സ്റ്റുഡിയോയില്‍ ഒരു യഥാര്‍ത്ഥ മനുഷ്യന്‍ അഭിനയിക്കുന്നു, കംപ്യൂട്ടറില്‍ ഒരു ത്രീഡി മോഡല്‍ അതനുകരിക്കുന്നു.

ആധുനിക മോഷന്‍ ക്യാപ്ചറിനുമുമ്പ് അഭിനേതാക്കളുടെ ചലനങ്ങള്‍ ആനിമേഷന്‍ കഥാപാത്രങ്ങളിലേക്ക് പകരാന്‍ റോട്ടോസ്കോപ്പിങ്ങായിരുന്നു ഉപയോഗിച്ചിരുന്നത്. യഥാര്‍ത്ഥ അഭിനയം ചിത്രീകരിക്കുകയും അത് ട്രെയ്സ് ചെയ്ത് ആനിമേറ്റര്‍മാര്‍ ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു.

മോഷന്‍ ക്യാപ്ചര്‍ സാങ്കേതികവിദ്യ ഇലക്ട്രോണിക് സെന്‍സറുകളെയും ത്രീഡി ഗണിതത്തെയുമെല്ലാമാണ് ആശ്രയിക്കുന്നത്. ചലനം ട്രാക്ക് ചെയ്യാന്‍ എല്‍.ഇ.ഡി., മാഗ്നറ്റിക്, റിഫ്ലക്റ്റീവ് തുടങ്ങി പലതരം മാര്‍ക്കറുകള്‍ അഭിനേതാക്കള്‍ ശരീരത്തില്‍ പിടിപ്പിക്കുന്നു.

മാന്വലായി ആനിമേറ്റ് ചെയ്യേണ്ടെന്നതും സ്വാഭാവികമായ നടത്തവും പേശീചലനവുമെല്ലാം ചിത്രീകരിക്കാമെന്നതും മോഷന്‍ ക്യാപ്ചറിന്റെ മേന്മയാണ്. എന്നാല്‍ അസ്വാഭാവികമായ, അതായത് സാധാരണ ലോകത്തെ ഫിസിക്സിന് നിരക്കാത്ത, ചലനങ്ങള്‍ ഇതുവച്ച് ചിത്രീകരിക്കാനാവില്ല.

അവതാര്‍, 2005-ലെ കിംഗ് കോംഗ്, ലോര്‍ഡ് ഓഫ് ദ റിംഗ്സ് (കഥാപാത്രം: ഗോല്ലം) എന്നിവ മോഷന്‍ ക്യാപ്ചറിന്റെ ഉത്തമോദാഹരണങ്ങളാണ്.

കോമ്പോസിറ്റിങ് (Compositing)

വ്യത്യസ്തദൃശ്യങ്ങള്‍ ഒരൊറ്റ ഫ്രെയിമില്‍ കൂട്ടിയിണക്കുന്ന പ്രക്രിയയാണ് കോമ്പോസിറ്റിങ്. ഉദാഹരണത്തിന്, കാടിന്റെ പശ്ചാത്തലം, ബ്ലൂസ്ക്രീനില്‍ ചിത്രീകരിച്ച യഥാര്‍ത്ഥ അഭിനേതാവ്, കംപ്യൂട്ടറിലുണ്ടാക്കിയ ഒരു സിംഹം എന്നിവ കൂട്ടിച്ചേര്‍ത്ത് ഒരേ ഷോട്ടിലൊരുക്കുന്നത് കോമ്പോസിറ്റിങ്ങിലാണ്.

ഫിലിമിന്റെ കാലത്ത് പശ്ചാത്തലം മാറ്റാനും ഡബിള്‍ റോളെടുക്കാനുമെല്ലാം മാറ്റിങ് (matting) എന്ന സങ്കേതം വഴി കോമ്പോസിറ്റിങ് സാദ്ധ്യമാക്കിയിരുന്നു. ഏറെ ശ്രമകരമായിരുന്നു ഈ പ്രക്രിയ. രണ്ടു ലെയറുകള്‍ (ഉദാ: ഒരു നടനും പുതിയ പശ്ചാത്തലവും) കോമ്പോസിറ്റു ചെയ്യാന്‍ തന്നെ അഞ്ചു ഫിലിം സ്ട്രിപ്പുകള്‍ കൃത്യതയോടെ ഒരുക്കണമായിരുന്നു. എന്നാല്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വരവോടെ എത്ര ലെയറും ഒരു ബുദ്ധിമുട്ടുമില്ലാതെ കോമ്പോസിറ്റ് ചെയ്യാമെന്നായി. ഇപ്പോള്‍ കളര്‍ കറക്ഷനടക്കം ഒട്ടേറെ ഇഫക്റ്റുകള്‍ ചേര്‍ത്ത അനേകം ദൃശ്യങ്ങള്‍ കോമ്പോസിറ്റ് ചെയ്താണ് ഒരു ഇഫക്റ്റ് രംഗം ഒരുക്കുന്നത്.

ബ്ലെന്‍ഡര്‍ എന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നല്ല രീതിയില്‍ കോമ്പോസിറ്റിങ് പിന്തുണയ്ക്കുന്നുണ്ട്. നൂക്ക്, അഡോബീ ആഫ്റ്റര്‍ ഇഫക്റ്റ്സ്, സിലുവെറ്റ് എഫ് എക്സ്, ഓട്ടോഡെസ്കിന്റെ പ്രോഗ്രാമുകള്‍ എന്നിവയാണ് പ്രമുഖ പ്രൊപ്രൈറ്ററി കോമ്പോസിറ്റിങ് സോഫ്റ്റ്‌വെയറുകള്‍.


Keywords (click to browse): visual-effects vfx special-effects cgi keying green-screen blue-screen chroma-key compositing technology computer articles reviews